ന്യൂഡൽഹി: കരസേനാ മുൻ മേധാവിയുടെ ഓർമക്കുറിപ്പുകൾ പാർലമെന്റിൽ പരാമർശിക്കുന്നതിൽനിന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തടഞ്ഞതിന്റെ വിവാദങ്ങൾക്കിടെ പാർലമെന്ററി നടപടിക്രമങ്ങളുടെ വിശദീകരണവുമായി മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി.
കരസേനാ മുൻ മേധാവി എം.എം. നരവാനെയുടെ, പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഓർമക്കുറിപ്പുകൾ പരാമർശിക്കുന്നതിൽനിന്ന് ലോക്സഭയുടെ ചട്ടം 349 അനുസരിച്ചാണ് രാഹുലിനെ കഴിഞ്ഞദിവസം സ്പീക്കർ തടഞ്ഞതെങ്കിലും ഈ ചട്ടം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും പ്രസിദ്ധീകരിച്ചതുമായ ഉള്ളടക്കങ്ങളെ തമ്മിൽ വേർതിരിക്കുന്നില്ലെന്ന് പി.ഡി.ടി. ആചാരി വ്യക്തമാക്കി.
എംപിമാർ സഭയിൽ പാലിക്കേണ്ട പെരുമാറ്റവും അച്ചടക്കവും സംബന്ധിക്കുന്ന റൂൾ 349 സഭാ നടപടിയുമായി ബന്ധപ്പെട്ടല്ലാതെയുള്ള പുസ്തകം, പത്രം, കത്ത് എന്നിവയിൽനിന്ന് പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് എംപിമാരെ തടയുന്നുണ്ട്. എന്നാൽ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച രേഖകളിൽനിന്നുതന്നെ വേണമോയെന്നതിൽ നിയമം ഒന്നും പറയുന്നില്ലെന്നും ആചാരി ചൂണ്ടിക്കാട്ടി.
‘നിരോധന’ സ്വഭാവമുള്ള ഒരു വ്യവസ്ഥയാണിതെങ്കിലും സഭയിൽ ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധമുണ്ടെങ്കിൽ അംഗങ്ങൾക്കു രേഖകൾ പരാമർശിക്കുന്നതിന് അനുവാദം നൽകുന്നതിനാൽ ഇതിനൊരു ‘അനുകൂല അർഥവുമുണ്ട്’ എന്ന് ആചാരി വ്യക്തമാക്കി. നിയമങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നില്ലെങ്കിലും ഉദ്ധരിക്കുന്ന രേഖകളുടെ ഉള്ളടക്കങ്ങൾ ആധികാരികമാണെന്ന് (ഓഥന്റിക്കേറ്റ്) ഉറപ്പാക്കണമെന്നും ഇതിനുശേഷം സ്പീക്കർ രേഖകൾ പരാമർശിക്കുന്നതിന് അനുവാദം നൽകുമെന്നും ആചാരി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസിദ്ധീകരിക്കാത്ത രേഖകളാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം അനുമതി നിഷേധിച്ചതിനാൽ നരവാനെയുടെ ഓർമക്കുറിപ്പുകൾ ഇന്നലെ രാഹുൽ ഓഥന്റിക്കേറ്റ് ചെയ്തിരുന്നു. എന്നാൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിൽനിന്നു വ്യതിചലിക്കരുതെന്ന് പറഞ്ഞ് സ്പീക്കറുടെ ചെയർ രാഹുലിന് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ചൈനയും യുഎസും തമ്മിലുള്ള സംഘർഷമാണ് ഏറ്റവും വലിയ ആഗോള സംസാരവിഷയമെന്നും ഇതു ബജറ്റിലും രാഷ്ട്രപതിയുടെ പ്രസംഗത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സംസാരിക്കാൻ അനുവദിക്കണമെന്നതിൽ രാഹുൽ ഉയർത്തിക്കാട്ടിയ വാദങ്ങൾ.